Breaking News

നമ്മുടെ നാടിന്റെ അഭിമാനം ഈ താമര കൃഷി

ഇത് നമ്മുടെ താമരക്കായൽ.. ഇവ പൂർണമായും കൃഷിചെയ്ത് ഉല്പാദിപ്പിക്കുന്നത് മലപ്പുറം ജില്ലയിലെ പരമ്പരാഗത മുസ്ളിം കുടുംബങ്ങളിലെ അംഗങ്ങളാണ്....

കേരളത്തിന്റെ താമരപ്പെരുമ കാണണമെങ്കില്‍ തിരുന്നാവായ കാദനങ്ങാടി വലിയപറപ്പൂര്‍ കായലിലെത്തണം. 350 ഏക്കറോളം പടര്‍ന്നു കിടക്കുന്ന കായലിന്റെ 150 ഏക്കറോളം സ്ഥലത്തും താമര കൃഷിയാണ്. 20 ഓളം പേര്‍ വലിയപറപ്പൂര്‍ കായലില്‍ മാത്രം താമര കൃഷി ചെയ്യുന്നു. തിരുനാവായ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ താമരപാടങ്ങള്‍ ആരെയും ആകര്‍ഷിക്കുന്ന കാഴ്ചയാണ്.
വേനലില്‍ കായലിലെ വെള്ളം വറ്റുമ്പോള്‍ താമരകൃഷി ആരംഭിക്കും. ട്രാക്റ്റര്‍ ഉപയോഗിച്ച് കായല്‍ ഉഴുതു മറിക്കും. മണ്ണ് നല്ല പോലെ നേര്‍ത്തതാക്കിയ ശേഷമാണ് താമര വള്ളികള്‍ നടുക. വേനല്‍ മഴയും, കാലവര്‍ഷവും തുടങ്ങുന്നതോടെ കായലില്‍ വെള്ളം നിറയും. ഇതോടെ താമരവള്ളികള്‍ മുളച്ചു തുടങ്ങും. ജൂണ്‍ മാസത്തോടെ വള്ളികളുടെ വളര്‍ച്ച ഏതാണ്ടു പൂര്‍ത്തിയാകും. ആഗസ്റ്റ് മാസത്തോടെ വിളവെടുപ്പ് ആരംഭിക്കും. മൊട്ടുകളെയാണ് വില്‍പ്പനയ്ക്കായി പറിച്ചെടുക്കുക. മൂന്നു ദിവസം വരെ മൊട്ടു മൊട്ടായി തന്നെ ഇരിക്കും. കായലില്‍ അതിരിട്ടാണ് കൃഷി നടത്തുന്നത്. കായല്‍ പാട്ടത്തിനെടുത്താണ് കൃഷി നടത്തുന്നത്. വര്‍ഷങ്ങളായി വലിയപറപ്പൂര്‍ കായലില്‍ താമരകൃഷി തുടങ്ങിയിട്ട്.
കായലിലൂടെ ചെറിയ തോണിയില്‍ എത്തിയാണ് താമരമൊട്ട് പറിച്ചെടുക്കുന്നത്. താമരമൊട്ട് പറിക്കാനായി ഒരാള്‍ക്കു മാത്രം കയറാനാകുന്ന പ്രത്യേക തോണിയും കര്‍ഷകര്‍ നിര്‍മിച്ചിട്ടുണ്ട്. സീസണില്‍ ഒരു ദിവസം 2500ഓളം മൊട്ടുകള്‍ വരെ വലിയപറപ്പൂര്‍ കായലില്‍ നിന്നുമാത്രം പറിച്ചെടുക്കുന്നുണ്ട്. കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലേക്ക് ഇവിടെ നിന്നും താമര കയറ്റി അയക്കുന്നു. തിരുനാവായ പഞ്ചായത്തിലെ തിരുനാവായ, വലിയ പറപ്പൂര്‍, പല്ലാറ്റ്, കൊടക്കല്‍ കായല്‍, വാവൂര്‍ എന്നിവിടങ്ങളിലാണ് താമരകൃഷി പ്രധാനമായും നടക്കുന്നത്. ഗുരുവായൂര്‍ അമ്പലം, തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, കാടാമ്പുഴ ക്ഷേത്രം തുടങ്ങി കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലേക്കെല്ലാം താമര എത്തിക്കുന്നത് തിരുനാവായ പഞ്ചായത്തിലെ വിവിധ കൃഷി സ്ഥലങ്ങളില്‍ നിന്നാണ്.
ശബരിമല സീസണിലാണ് താമരപൂവിന് ഡിമാന്‍ഡ് കൂടുക. രണ്ടു മുതല്‍ 2.50 രൂപ വരെ ഇക്കാലത്ത് ഒരു പൂവിന് വില ലഭിക്കും. ചിലപ്പോള്‍ ആറു രൂപ വരെ എത്തുകയും ചെയ്യും. ട്രെയിനിലും, ബസിലുമായിട്ടാണ് താമര കയറ്റി അയക്കുക. ട്രെയ്‌നിന്റെ സമയം നോക്കിയാണ് പൂ പറിച്ചെടുക്കുക. മൊട്ട് ചാക്കിലാക്കി വെള്ളം തളിച്ചാണ് കയറ്റുമതി.
ക്ഷേത്ര ആവശ്യത്തിനു പുറമെ നല്ലൊരു ഔഷധം കൂടിയാണ് താമര. താമരയുടെ വള്ളിയും, മൊട്ടും പല ആയുര്‍വേദ ഔഷധങ്ങള്‍ നിര്‍മിക്കാനും ഉപയോഗിക്കുന്നുണ്ട്. മരുന്നു നിര്‍മാണത്തിനായി കോട്ടക്കല്‍ ആര്യ വൈദ്യ ശാലയിലേക്കും ഇവിടെ നിന്നും താമര നല്‍കുന്നു. ആഫ്രിക്കന്‍ പായലും, കാലം തെറ്റി എത്തുന്ന മഴയുമാണ് താമരകൃഷിക്ക് പ്രധാന ഭീക്ഷണി. താമര നന്നായി വളര്‍ന്നു മൊട്ടിടണമെങ്കില്‍ നല്ല വെയില്‍ ആവശ്യമാണ്. കാലം തെറ്റി മഴയെത്തിയാല്‍ വള്ളികള്‍ ചീഞ്ഞു കൃഷി നശിച്ചു പോകും.

വിവരങ്ങൾ ഞാൻ പകർത്തിയത് നീറ്റിങ്ങര ടൈംസ് എന്ന  ഫെയ്സ്ബുക്ക് പേജിൽനിന്നും. നിങ്ങളോടുള്ള കടപ്പാടും നന്ദിയും ഞാൻ അറിയിക്കുന്നു.

Lotus farming at Tirunavaya

No comments