മനുഷ്യത്വമുള്ളവരുടെ നാട്. എന്റെ മലപ്പുറം
ജൂൺ 10 ശനിയാഴ്ച എറണാകുളത്ത് നിന്നും തിരുന്നാവായയിലേക്ക് ട്രെയിനിൽ യാത്രതിരിച്ച ഞാൻ ഷൊറണൂർ എത്തിയപ്പോൾ നോമ്പ് തുറന്നു. യാത്ര തുടർന്നു. കുറ്റിപ്പുറം എത്തിയപ്പോൾ 7.26 PM. 17 മിനിട്ട് നേരത്തെ ട്രെയിൻ കുറ്റിപ്പുറത്തെത്തി. എന്റെ ജീവിതത്തിലെ ഇത്രയും കാലത്തെ ട്രെയിൻ യാത്രയ്ക്കിടയിൽ ആദ്യമായിട്ടാണ് ഇങ്ങനൊരനുഭവം.
ഞാൻ തിരുന്നാവായ റെയിൽവെ സ്റ്റേഷനിലിറങ്ങി, ഇരുട്ട് വീണ വഴിയിലൂടെ നടന്ന് ബസ് സ്റ്റോപ്പിലെത്തി, പുറത്ത് ചെറിയ ചാറ്റൽ മഴയും ഉണ്ട്. നോമ്പ് തുറന്ന സമയമായത് കൊണ്ട് തന്നെ റോഡിൽ വാഹനങ്ങൾ കുറവാണ്. അങ്ങാടിയിലെ കടകളെല്ലാം അടഞ്ഞ് കിടക്കുന്നു, പെരുന്നാൾ വസ്ത്രങ്ങൾ തൈക്കുന്ന തയ്യൽകട ഒഴികെ.
കുറച്ച് സമയത്തെ കാത്തിരിപ്പിനൊടുവിൽ ഒരു കാർ എന്റെ മുൻപിൽ നിറുത്തി.
"എങ്ങോട്ടാ "
"പട്ടർനടക്കാവ് "
ഞങ്ങൾ ഒരുമിച്ച് യാത്ര തുടർന്നു.
തിരുന്നാവായ റെയിൽവെ സ്റ്റേഷനിൽ ജോലി ചെയ്യുന്ന ശശീന്ദ്രൻ സർ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിയാണ് എനിക്ക് യാത്രാ സൗകര്യം ഒരുക്കി തന്നത്. പട്ടർനടക്കാവ് എത്തിയപ്പോൾ നന്ദി പറഞ്ഞ് ഞാൻ ഇറങ്ങി, കുറ്റൂരിലേക്കുള്ള ബസ് കാത്ത് നിൽക്കുമ്പോൾ ഒരു സുഹൃത്ത് (ഋഷാദ്) ബൈക്കിൽ ലിഫ്റ്റ് തന്നു. ബന്ധുവീട്ടിൽ നോമ്പുതുറകഴിഞ്ഞ് പറവണ്ണയിലെ തന്റെ വീട്ടിലേക്ക് പോകുകയായിരുന്നു അവൻ.
ഒരു വാഹനത്തിനും കൈകാണിക്കാതെ തന്നെ എനിക്ക് വേണ്ടി വാഹനം നിർത്തി തന്ന അവർ ഇന്നത്തെ സമൂഹത്തിന് മാതൃകയാണ്. എല്ലാ മേഖലകളിലും ഇന്ന് മനുഷ്യർ പരസ്പരം തമ്മിൽ തല്ലുമ്പോൾ, മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സുള്ളവർ നമ്മുടെ മലപ്പുറത്ത് ഉണ്ടെന്ന് ശശീന്ദ്രനും, ഋഷാദും തെളിയിച്ചു.
ഇരുട്ടിൽ ആമുഖങ്ങൾ ഞാൻ വ്യക്തമായി കണ്ടില്ല. ഒരിക്കൽ കൂടി ഞാൻ എന്റെ നന്ദി അറിയിക്കുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...
No comments