Breaking News

ഉറങ്ങാതെ ഞാൻ സ്വപ്നം കണ്ട രാത്രി

ഏതൊരു  ഭർത്താവിന്റെയും ജീവിതത്തിലെ ആ രാത്രി ഒരിക്കലും മറക്കാൻ കഴിയില്ല. തന്റെ പ്രിയതമയുമൊത്തുള്ള പ്രണയ ജീവിതത്തിൽ ഒരിക്കൽ ആ മുഖത്ത് വിരിഞ്ഞ പുഞ്ചിരിക്ക് കൂട്ടായ് കണ്ണീര് ചാർത്തി എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞ വാക്കുകൾ ഇന്നും എന്റെ കാതോർക്കുന്നിടത്തുണ്ട്.

പിന്നീട് കടന്ന് പോയ ഒൻപത് മാസങ്ങളിൽ സ്വപ്നങ്ങൾ പതിവായിരുന്നു. അവളുടെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും ഞാൻ കൂടെ നിന്നു.  അവളുടെ വയറ്റിൽ കിടക്കുന്ന ഞങ്ങളുടെ കുഞ്ഞിന്റെ  ചലനം കണ്ടറിഞ്ഞും, കേട്ടറിഞ്ഞും, തൊട്ടറിഞ്ഞും ദൈവത്തോട് നന്ദി പറഞ്ഞ് ഞങ്ങൾ കാത്തിരുന്നു.

ഡോക്ടർ പറഞ്ഞ ദിവസമെത്തി. ഞങ്ങളുടെ പ്രിയപ്പെട്ടവരെല്ലാം ഞങ്ങളുടെ കൂടെയുണ്ട്. സുഖപ്രസവത്തിനും അവളുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥനയിൽ മുഴുകിയനിമിശങ്ങൾ. ഇടക്ക് വന്ന് പോകുന്ന വേദനയിൽ അവൾ പിടയുന്നത് ഞാൻ കണ്ടു. അവളെ  ആശ്വസിപ്പിക്കാൻ കൂട്ടിരുന്ന എന്റെ ഉമ്മ എനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് ഒരിക്കൽകൂടി ഞാൻ തിരിച്ചറിഞ്ഞു.

പ്രസവവാർഡിന്റെ വാരാന്തയിൽ അവളോടൊപ്പം ഞാനും നടന്നു. ഇരുട്ടിൽ നിന്നും വന്ന് ഞങ്ങളെ തഴുകിയ ആ കാറ്റിന് ഞങ്ങളുടെ പ്രണയ ജീവിതത്തിലെ അത്യപൂർവ നിമിശത്തിന് സാക്ഷിയാകാൻ കഴിഞ്ഞു. ഒടുവിൽ പ്രസവ റൂമിന്റെ വാതിൽ തുറന്ന് അവൾ പോകുമ്പോൾ നിറഞ്ഞ കണ്ണുമായ് ഞാൻ അവിടെ നിന്നും അൽപ്പം മാറി നിന്നു.

രാത്രി വൈകി മിഠായി വിതരണം ചെയ്യുന്ന ചിലർക്കിടയിൽ വീണ്ടും ഞങ്ങൾ കാത്തിരുന്നു. ആ രാത്രി  പ്രസവ മുറിയിൽ അവൾ മാത്രമായിരുന്നില്ല. കാത്തിരിപ്പിന് വിരാമമായി ആ വാർത്ത എന്നെ തേടി എത്തി.
എന്റെ ഖൽബിനെയും മോളെയും ഞാൻ കാണാൻ പോയപ്പോൾ പടച്ച റബ്ബിനോട് മാത്രമെ നന്ദി പറയാനുണ്ടായിരുന്നുള്ളൂ...

പണത്തിന് വേണ്ടി നാം (ഭർത്താക്കന്മാർ) നെട്ടോട്ടമോടുമ്പോൾ ജീവിതത്തിലെ വിലമതിക്കാനാവാത്ത അത്യപൂർവ നിമിശങ്ങൾ നഷ്ടപ്പെടുന്നത് നിനക്ക് മാത്രമല്ല, എല്ലാ വേദനകളും സഹിച്ച നിന്റെ ഭാര്യക്ക് കൂടിയാണ്.

പെണ്ണ് നിധിയാണ് , അവളെ വാക്കുകൊണ്ടൊ നോട്ടം കൊണ്ടൊ പ്രവർത്തി കൊണ്ടൊ വേദനിപ്പിക്കരുത്...

കുഞ്ഞുങ്ങളില്ലാതെ സങ്കടപ്പെടുന്നവർക്ക് ദൈവം സ്വാലിഹായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കുമാറാകട്ടെ...

1 comment: