ഒരു നാടിന്റെ മുഖഛായ മാറ്റിയ റെയിൽവെ ഗേറ്റ്
ഇന്ത്യയിൽ റെയിൽ ഗതാഗതം ബ്രിട്ടീഷുകാരുടെ സംഭാവനയാണ്. റെയിൽവെ ലൈൻ കടന്നു പോകുന്ന വഴികളിൽ ഉടനീളം ഇരുഭാഗത്തും കമ്പിവേലികെട്ടി സുരക്ഷ ഒരുക്കിയിരുന്നു. എന്നാൽ ചിലഭാഗങ്ങളിൽ അങ്ങോട്ടുമിങ്ങോട്ടും കടന്നുപോകുവാനുള്ള സൗകര്യാർത്ഥം വഴികളും നിർമ്മിച്ചിരുന്നു. രണ്ടറ്റങ്ങളിലും ഉരുക്കുകൊണ്ട് നിർമ്മിച്ച വലിയ തൂണുകൾ സ്ഥാപിച്ച വഴികൾ ആനകൾ, കന്നുകാലികൾ എന്നിവയെ കൊണ്ടുപോകുന്നതിനും കാൽനടയാത്രക്കാർക്കും, ചുമടുകൾ കൊണ്ടു പോകുന്നവർക്കുമെല്ലാം വേണ്ടിയാണ് നിർമ്മിക്കപ്പെട്ടത്. ഇന്നത്തെ നമ്മുടെ ആനപ്പടിയിലും താരതമ്യേന വീതികൂടിയ അത്തരത്തിലുള്ള ഒരു വഴിനിർമ്മിക്കപ്പെടുകയും വലിയ വഴിയോടുകൂടിയ ആ പ്രദേശം ആനപ്പടി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങുകയും ചെയ്തു. റെയിൽവെ ട്രാക്കിന് സമീപത്ത് നിലനിന്നിരുന്ന പല അങ്ങാടികൾക്കും അക്കാലത്ത് ഇത്തരം പേരുകൾ ഉണ്ടായിരുന്നു.
തെക്കൻ കുറ്റൂർ പ്രദേശത്തെ കീറിമുറിച്ച് പോകുന്ന റെയിൽപാളം നാടിന്റെ വികസനപ്രവർത്തനങ്ങൾക്ക് എന്നും വലിയ തടസ്സമായിരുന്നു. അങ്ങനെ നാട്ടുകാരുടെ വലിയ ആഗ്രഹം 1992 ൽ തെക്കൻ കുറ്റൂർ റെയിൽവെ ഗേറ്റ് സ്ഥാപിതമായതോടെ പൂവണിഞ്ഞു. കുറ്റൂരിന് പുറമെ പലനാടുകളുടെ വികസനത്തിനും വഴിയാത്രക്കാർക്കും ഈ വഴി സഹായമായി.
No comments