Breaking News

ഇന്ന് നാം പൊളിച്ചുനീക്കുന്ന അത്താണികൾ ഒരു കാലത്തെ വിപ്ലവമായിരുന്നു.

വളരെ വർഷങ്ങൾക്ക് മുമ്പ് തന്നെ ആതവനാട് മുതൽ ബിപി അങ്ങാടി വരെ നീണ്ടുകിടക്കുന്ന നല്ല  വീതിയും ഉയരവുമുള്ള ഒരു നടവരമ്പ് തെക്കൻ കുറ്റൂർ വഴി കടന്നുപോയിരുന്നതായി പറയപ്പെടുന്നു. അന്നത്തെ വരമ്പുകൾ കന്നുകാലികൾ കൃഷി തിന്നാതിരിക്കാൻ വേണ്ടി കൂടുതൽ ഉയരത്തിലാണ് നിർമ്മിച്ചിരുന്നത്. പിന്നീട് ആ വരമ്പ് കീറി മുറിച്ചാണ് നമ്മുടെ നാട്ടിലൂടെ 1861 ൽ റെയിൽവേ ലെയിൻ കടന്നുപോയത്.
പ്രജാ തൽപരരായ രാജാക്കന്മാരും പ്രഭുക്കന്മാരും പെരുവഴിയമ്പലങ്ങളും അത്താണികളും നാടുകളിൽ സ്ഥാപിച്ചിരുന്നു. പിന്നീട് നാട്ടുകാരാലും അത്താണികൾ നിർമ്മിക്കപ്പെട്ടു. അക്കാലത്ത് സാധനങ്ങൾ തലയിൽ ചുമന്നേ എവിടേക്കും കൊണ്ടുപോകാൻ കഴിയു എന്നത് കൊണ്ട് ചുമടിറക്കിവെച്ച് അൽപ്പം വിശ്രമിക്കുന്നതിന്ന് അത്താണികൾ വലിയ ആശ്വാസമായിരുന്നു. വളരെ വർഷങ്ങൾക്ക് മുമ്പ് തന്നെ വലിയ വിൽപ്പനചന്ത പൊന്നാനിയിൽ നടന്നിരുന്നത്കൊണ്ട് കച്ചവടത്തിന് വേണ്ടി പായകപ്പലുകളിൽ വിദേശ രാജ്യങ്ങളിൽ നിന്നു വരെ വ്യാപാരികൾ പൊന്നാനിയിലെത്തിയിരുന്നു. ചന്തയിൽ വിൽക്കാൻ നമ്മുടെ നാട്ടിൽ നിന്നും പല വിദൂരദേശങ്ങളിൽ നിന്നും നെല്ല്,  അടക്ക, കൊപ്ര, കുരുമുളക്, മാങ്ങ, ചക്ക തുടങ്ങി പല സാധനങ്ങളും ചുമന്ന് ദിവസങ്ങളോളം നടന്നു വന്നിരുന്നവർക്ക് അത്താണികൾ വലിയ ആശ്വാസമായിരുന്നു.

കടപ്പാട്: നൗഫൽ ബാബു.വി ( തെക്കൻ കുറ്റൂർ ദേശചരിതവും വർത്തമാനവും )

2 comments: