എന്റെ പ്രവാസ ജീവിതത്തിലെ കറുത്ത അദ്ധ്യായം
ബന്ധുവിന്റെ സഹായത്തോടെ ഖത്തറിലെത്തിയപ്പോൾ പ്രവാസ ജീവിതത്തിലെ തുടക്കം ഗംഭീരമായിരുന്നു. ഇതുവരെ കാണാത്ത പുത്തൻ കാഴ്ചകളുടെ വിസ്മയലോകം കണ്ട് ഖത്തർ എന്ന നാടിനെ ഒരു പാട് ഇഷ്ടപ്പെട്ടു.
രണ്ടാം ദിനം, ബന്ധു എന്നെ എന്റെ ഖഫീലിന്റെ അടുത്തെത്തിച്ച് ജോലി സ്ഥലത്തേക്ക് മടങ്ങി.
എന്റെ പഠന മികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി ഞാൻ എന്റെ ഖഫീലിന്റെ മുമ്പിലിരുന്നു. എല്ലാം അദ്ദേഹം വാങ്ങി വെച്ചു കൂടെ പാസ്പോർട്ടും, എന്നിട്ട് ഓഫീസ് മൊത്തം അടിച്ച് വാരി വൃത്തിയാക്കാൻ പറഞ്ഞു. Designer ജോലിക്ക് ഗൾഫിലെത്തിയ എനിക്ക് തുടക്കത്തിൽ ഈ ജോലി ഉൾകൊള്ളാൻ കഴിഞ്ഞില്ലെങ്കിലും ഒരു പ്രവാസി എന്ന നിലയിൽ ഞാനും എല്ലാം സഹിച്ചു.
മൂന്ന് മുറികളുള്ള ഒരു ഫ്ലാറ്റ് ഇതാണ് എന്റെ ഓഫീസ്, ഖത്തർ ആർമ്മിയിലെ ഒരുദ്യോഗസ്ഥൻ കൂടിയാണ് എന്റെ ഖഫീൽ. ഓഫീസിൽ ഇന്ത്യക്കാർ ഒഴികെ മറ്റ് പല രാജ്യക്കാരും വന്ന് പോകാറുണ്ടെങ്കിലും സുഡാനിയായ മാനേജറും ഫിലിപ്പീനിയായ ചായക്കാരിയും മാത്രമായിരുന്നു എന്നോട് പരിജയം നടിച്ചിരുന്നത്.
രാവിലെ 8 മണിക്ക് ഓഫീസ് തുറക്കും ഉച്ചക്ക് 12 മണി ആയാൽ ഓഫീസ് അടച്ച് ഓഫീസിനകത്ത് തന്നെ വിശ്രമം പിന്നെ വൈകീട്ട് 5 മണിക്ക് വീണ്ടും ഓഫീസ് തുറക്കും, രാത്രി 8 മണി വരെയുള്ള ജോലി കഴിഞ്ഞാൽ ഞാനൊറ്റക്ക് ആ ഓഫീസിൽ തന്നെ കിടത്തവും.
ഒരു കൺസ്ട്രക്ഷൻ കമ്പനിയായിരുന്നു എന്റെത്, എന്റെ കഴിവിനനുസരിച്ച ഒരു ജോലിയും അവിടെ കണ്ടായിരുന്നില്ല. ഞാൻ എപ്പോഴും ഓഫീസ് വൃത്തിയായി സൂക്ഷിച്ചു. ഒരു ദിവസം ഖഫീൽ ഒരു ലക്ഷം ഖത്തർ റിയാൽ എന്നെ ഏൽപ്പിച്ച് വിദേശയാത്ര പോയി. ഇത്രയും പണം എങ്ങനെ സൂക്ഷിക്കുമെന്ന് ഭയപ്പെട്ടിരുന്ന ദിവസങ്ങൾ, ഒരാഴ്ചക്ക് ശേഷം തിരിച്ചെത്തിയ ഖഫിലിനെ പണം തിരിച്ചേൽപ്പിച്ചപ്പോഴാണ് ആ പണത്തെ കുറിച്ച് അദ്ദേഹത്തിന് ഓർമ്മ വരുന്നത്. അതോടെ ഞാൻ അദ്ദേഹത്തിന്റെ വിശ്വസ്ഥനായി, പിന്നീട് അദ്ദേഹത്തിന്റെ യാത്രകളിൽ കൂടെ സഞ്ചരിക്കാനും തുടങ്ങി.
എന്റെ ഖഫീൽ വിവാഹമോചിതനായ 35 കാരൻ, തെറ്റായ അദ്ദേഹത്തിന്റെ ജീവിതരീതി ( പെണ്ണ് ) കണ്ടറിഞ്ഞപ്പോൾ ഞാൻ ഓഫീസ് ജോലിയിലേക്ക് തന്നെ മടങ്ങാൻ തീരുമാനിച്ചു. അദ്ദേഹം എനിക്ക് നൽകിയ എല്ലാ സൗകര്യങ്ങളും വേണ്ടെന്ന് വെച്ച് ഓഫീസ് ജോലിയിലേക്ക് മടങ്ങാനുള്ള എന്റെ തീരുമാനം അദ്ദേഹത്തെ ചൊടിപ്പിച്ചു.
ആദ്യമാസത്തെ ശമ്പളം തടഞ്ഞ് വെച്ചു, പിന്നീട് എന്നെ ലേബർ ക്യാമ്പിലേക്കയച്ചു. രാത്രി വൈകി ലേബർ ക്യാമ്പിലെത്തുമ്പോൾ അവിടെ റൂമിൽ കുറച്ച് പേർ (ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങി രാജ്യങ്ങളിൽ നിന്നുള്ളവർ ). എന്ത് ചെയ്യണമെന്നറിയാതെ ഖത്തറിലെ സുഹൃത്തുക്കൾക്ക് വിളിച്ചപ്പോൾ
" കുറച്ച് ദിവസം അവിടെ ജോലി ചെയ്ത് നോക്ക്, ബുദ്ധിമുട്ടാണെങ്കിൽ എന്തെങ്കിലും ചെയ്യാം "
ഉറക്കമില്ലാത്ത ആ രാത്രിയിൽ എന്റെ കണ്ണുനീരും വറ്റിപ്പോയി.
പുലർച്ചെ തുർക്കി ക്കാരൻ ഡ്രൈവർ എത്തി, എല്ലാവരും ജോലിക്ക് പോകാൻ തയ്യാറാകുന്നത് നോക്കി നിന്ന എന്റെ കയ്യിൽ സേഫ്റ്റി ഡ്രസ്സ് തന്ന് അണിയാൻ പറഞ്ഞു. മനസ്സില്ലാ മനസ്സോടെ പുതിയ രൂപവും ഭാവവുമായി ജോലി സ്ഥലത്തേക്കുള്ള വാഹനത്തിൽ കയറുമ്പോൾ പ്രാർത്ഥന മാത്രമെ ഉണ്ടായിരുന്നുള്ളൂ...
ജോലി സ്ഥലം എത്തുന്നതിന് മുൻപ് ഒരു ഷോപ്പിന് മുൻപിൽ വണ്ടി നിർത്തി, ഞാനൊഴികെ എല്ലാവരും കുബൂസ് വാങ്ങി വന്നു, എനിക്കുള്ളത് ശ്രീലങ്കൻ സുഹൃത്ത് വാങ്ങിയിരുന്നു. അവന് തമിഴും മലയാളവും ചെറുതായി സംസാരിക്കാനറിയും.
ജോലി സ്ഥലത്തെത്തിയപാടെ എല്ലാവരും ഭക്ഷണം കഴിക്കാനിരുന്നു. രാത്രി ഉണ്ടാക്കി വെച്ച കറികൾ ഓരോരുത്തർ പാക്ക് ചെയ്ത് കൊണ്ടു വന്നിരിക്കുന്നു. ഒരടുക്കളയാണെങ്കിലും പാചകം ചെയ്യുന്നത് ഓരോരുത്തരാണെന്ന് കറികൾ കണ്ടപ്പോൾ എനിക്ക് മനസ്സിലായി. ശ്രീലങ്കൻ സുഹൃത്തിന്റെ സഹായം വിലമതിക്കാനാവാത്തതായിരുന്നു.
മരുഭൂമിയിലെ ചൂടിനെ തോൽപ്പിച്ച് ഞാൻ പണി എടുക്കുമ്പോൾ ഖഫീൽ വന്നു. പിന്നെ ഞാനും ഖഫീലും അവിടെ വെച്ച് ചെറുതായി വഴക്കിട്ടു. 6 വർഷത്തേക്ക് നീ നാട്ടിൽ പോകില്ലെന്നും, പോയാൽ തന്നെ ഇനി ഒരു ഗൾഫ് രാജ്യത്തെക്കും നിനക്ക് തിരിച്ച് വരാൻ കഴിയില്ലെന്നും പറഞ്ഞു, കൂടെ
" ഞാൻ നിന്റെ രാജ്യത്ത് വരുകയാണെങ്കിൽ എന്നെ സ്വീകരിക്കും, കാരണം എന്റെ കയ്യിൽ പണമുണ്ട് "
" സർ, ഞങ്ങൾ ആരെയും കഷ്ടപ്പെടുത്തില്ല, അതിഥികളെ ഞങ്ങൾ എന്നും സ്വീകരിക്കും, അത് ഞങ്ങളുടെ സംസ്കാരമാണ് "
അറ്റമില്ലാതെ നീണ്ടു കിടക്കുന്ന മരുഭൂമിയിലൂടെ നടന്നാലൊ എന്നാലോചിച്ചപ്പോഴും ഖത്തർ സ്വദേശിയായ എന്റെ സ്പോൺസറിന്റെ ഭീഷണിക്ക് മുൻപിൽ ഞാൻ തന്റെടത്തോടെ ജീവിച്ചു.
ആദ്യ ദിനം പണി കഴിഞ്ഞ് റൂമിലെത്തിയപ്പോൾ പലരേയും വിളിച്ചു. വിസ ചെയ്ഞ്ച് ചെയ്ത് തരാൻ ഖഫീൽ തയാറാണെങ്കിൽ വേറെ ജോലി നോക്കാമെന്ന് ചിലർ പറഞ്ഞപ്പോൾ സുഹൃത്തായ ബാപ്പു തങ്ങൾ താൻ ജോലി ചെയ്യുന്ന കമ്പനിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഒടുവിൽ ഞാൻ കമ്പനി മാനേജരെ നിരന്തരം വിളിച്ച് കാര്യം പറഞ്ഞപ്പോൾ എങ്ങനെ എങ്കിലും ലേബർ ക്യാമ്പിൽ നിന്നും ഓഫീസിലെത്താൻ പറഞ്ഞു.
അന്ന് വൈകീട്ട് ഓഫീസിന് മുൻപിലെത്തിയ കമ്പിനി വണ്ടിയിൽ കയറിക്കൂടിയ എന്നെ പുറത്തിറക്കാൻ ഡ്രൈവർ ശ്രമിച്ചെങ്കിലും ഞാനിറങ്ങിയില്ല. രാത്രിയോടടുത്ത് ഞാൻ ഓഫീസിലെത്തുമ്പോൾ അവിടെ ഖഫീലും സുഡാനിയായ മാനേജരും ഉണ്ടായിരുന്നു. മാനേജർ ഇടപെട്ടിട്ടും വിസ ചെയ്ഞ്ചിങ്ങിന് അദ്ദേഹം സമ്മതിച്ചില്ല. പിടിച്ച് വെച്ച എന്റെ ശമ്പളം മാനേജറുടെ സഹായത്തോടെ മേടിച്ച് ഒടുവിൽ ഞാൻ ഇന്ത്യയിലേക്ക് മടങ്ങാൻ തീരുമാനിച്ചു.
ഞാൻ അറബിയുടെ കൂടെ സ്പെയിനിലേക്ക് പോകും എന്ന് കൂട്ടുകാർക്കിടയിൽ ചർച്ചയായപ്പോഴാണ് ഞാൻ നാട്ടിൽ തിരിച്ചെത്തുന്നത്. കൂട്ടുകാരിൽ പലരും എന്നെ കളിയാക്കുമ്പോൾ അവർക്കറിയില്ലായിരുന്നു എല്ലാ അവസരങ്ങളും വലിച്ചെറിഞ്ഞാണ് ഞാൻ വരുന്നതെന്ന്.
തെറ്റായ രീതിയിലുള്ള സമ്പാദ്യം ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല.
ഏകദൈവത്തിൽ വിശ്വസിച്ച്, മരണം വരെ ഈമാനോട് കൂടി ജീവിക്കാനും ഈമാനോട് കൂടി മരിക്കാനും ഞാനും പ്രാർത്ഥിക്കുന്നു...
fayangaraaaa
ReplyDeletefayangaraaaa
ReplyDelete